Monday, October 8, 2018

കല്ലു പോലുള്ളവർ
****************


വാക്കുകളിൽ ഓരോ കോണിലും മൂർച്ഛയേറ്റിവരെ  കേട്ടിട്ടുണ്ടോ?
പടവെട്ടി തളർന്നു പോയവർ ,നിഴലിനോടും കലമ്പുന്നവർ...
മുനയൊടിഞ്ഞ  വാളാൽ വീണ്ടുമൊരങ്കം വിളിക്കാൻ ത്രാണിയില്ലാത്തവർ...
ആരെയും പരിചയിക്കാതെയൊരു കാണാ പരിചയുടെ കീഴെ മുഖം മറച്ചവർ..
വാക്കാൽ കുത്തി , പേടി മുളപ്പിച്ചുറക്കം പോയവർ ,കൺതടങ്ങളിൽ കറുപ്പു പടർന്നവർ...
ഒന്നമർത്തി പുണർന്നാൽ,ഒന്നില്ലാതെയലിഞ്ഞു പോകുന്നവർ... 
ഉള്ളിന്റെയുള്ളിലെ ചുവപ്പും ഊറ്റിത്തരുന്നവർ ...


Monday, August 10, 2015

           നഷ്ടം
***********************
ഞങ്ങളിത്രയും നേരമോരുമിച്ചായിരുന്നു,
കൈകളിൽ കൈകോർത്ത്, കണ്‍കളിൽ കണ്‍ പാർത്ത്...
പെട്ടെന്നൊരു മഴയിൽ വെളിച്ചം മാഞ്ഞതാണ്...
ഇരുട്ടിൽ തപ്പി തിരി തെളിച്ചപ്പോഴോർത്തു
ഇനിയുമവളെ നോക്കിയിരിക്കാമല്ലോ...
പക്ഷെ ഹാ കഷ്ടം !
ആ മുക്കുത്തി തിളക്കമെങ്കിലും കണ്ടിരുന്നെങ്കിൽ !

Sunday, December 14, 2014

പ്രണയം Aug/2013

എന്റെ സ്വാർതതക്കൂട്ടിൽ  നിന്നെ ഞാനടക്കില്ല
നിന്നെ ഞാനാകപ്പാടെ വിഴുങ്ങിയതല്ലേ?

എന്റെയോരോ കോശങ്ങളിലും പാതിയായ്
നീ പടർന്നു വളർന്നിരിക്കുന്നു

നിന്നിൽ നിന്നുടലാർന്ന കുഞ്ഞു മുഖങ്ങളിൽ
നിന്നെ വരച്ചു വച്ചിരിക്കുന്നു

ചിത്തഭ്രമം പോലെയീ പ്രണയം
ഞാനെന്നെ മറന്നു പോകുന്നു!

മഴയ്ക്കൊടുവിൽ 12/Aug/2001


മദ്യം മണക്കുന്ന മഴയിലെക്കാണംമയുടെ
മിഴിനീരോഴുകി വീണത്‌ .
പകുതി വെന്ത വാക്കുകൾ തൊണ്ടയിൽ കുത്തി
നീറി നിൽക്കുംബോഴെന്റെ നെറുകിൽ മഴയെന്തോ കോറി

സന്ധ്യയിലെ കറുത്ത മഴയിലെക്കൊരാൾ
ഒരു വര പോലെ നടന്നു മറയുന്നതും നോക്കി
പടിചാരി നിൽക്കുമ്പോൾ
വാടി വീണ വെളുത്ത പൂക്കളെ മഴ കളിയാക്കി

തെക്കേ തൊടിയിൽ കാക്കകൾ കലശൽ കൂട്ടുമ്പോഴും
അസമയത്തെ മഴയിൽ,
നെഞ്ചിലൊരു ചിത കെട്ട് , തേങ്ങി .
ഒർമ്മകലെന്നുമെരിഞ്ഞു  തീരാത്ത ചിതയിൽക്കുരുങ്ങി.

ചോരുന്ന തറവാട്ടു മച്ചിൽ
'ശീപോതി' മഴയിലോഴുകിപ്പോയി
ഒടുവിലൊരു മഴനൂലിൽ പിടിച്ചു
ഞാനും മേലോട്ട്... മേലോട്ട്...

Monday, June 2, 2014


>>>>>>>>>>> അച്ഛൻ <<<<<<<<<<<<
 
വിളറി നെർത്തോരോർമ്മയിൽ  തട്ടി
ഉറങ്ങാതെ തിരിഞ്ഞു കിടന്നപ്പോൾ
ജനലലമാരയിൽ അച്ഛന്റെ യൂന്നുവടി
കാൽ കയറ്റി വച്ചിരിപ്പുണ്ട്
"ഉറങ്ങാതെ കരഞ്ഞീ കുട്ടി-
എന്തെങ്കിലും വരുത്തു"മെന്നും പറഞ്ഞ്...

വാതിൽ പിറകിലെ കൊളുത്തിലച്ച-
നൊടുവിലിട്ട കുപ്പായം കാറ്റിലിളകി
ഒഴിഞ്ഞ കീശയും കുടുക്കിടാതെ
തുറന്ന ഹൃദയവുമായി...
*******     ************      *************      ************   *******
ഒരു കുമ്പിൾ വെള്ളം തല വഴി
പുറകിലെക്കെറിഞ്ഞു  മുങ്ങി നീർന്നെങ്കിലും
നനയാതെ കുളിരാതെയോർമ്മകൾ
നിളയുടെ കരയിൽ കയറിയിരിപ്പായിരുന്നു
കഴിഞ്ഞതു കടമ കളാണെന്നും
സ്നേഹമല്ലല്ലോയെന്നും  പറഞ്ഞ്...

ഇനിയെന്നു മുറക്കമിങ്ങനെയാവാം
അച്ഛന്റെ മുഴങ്ങുന്ന വിളിക്ക്  കാതോർത്ത്...
ഉച്ചവെയിൽ ഉച്ചിയിലായെന്നു
വഴക്കായെങ്കിലും  ...